ഷാരോൺ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ, അമ്മയെ വെറുതെ വിട്ടു
പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ കഴിയാത്തതിനാൽ കേസിൽ ഗ്രീഷ്മയുടെ അമ്മയെ കോടതി കുറ്റവിമുക്തയാക്കി. കേസിൽ രണ്ടാം പ്രതിയായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധു. കേസിലെ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.
ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി പ്രഖ്യാപിച്ചു. ഷാരോണിനെ തട്ടിക്കൊണ്ട് പോയി, ഷാരോണിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി, ഗ്രീഷ്മ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. അമ്മാവൻ നിർമ്മൽ കുമാറിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് സൈനികൻ്റെ വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മയും കുടുംബവും പദ്ധതിയിടുകയായിരുന്നു. ഇതിന്റെ ഭാഗമായി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും വിഷം ചേര്‍ത്ത കഷായം നല്‍കുകയുമായിരുന്നു.
aefsweswesw