സമാധി പൊളിക്കൽ: ആചാരത്തെ വ്രണപ്പെടുത്തുന്നു, ഹിന്ദു ഐക്യവേദിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കുടുംബം
നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി(78)യുടെ കല്ലറ പൊളിക്കുന്നത് ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തലാണെന്ന വാദത്തിൽ ഉറച്ചുനിന്ന് കുടുംബം. പൊലീസ് പൊളിക്കാൻ വന്നാൽ തടയുമെന്നും ഹിന്ദു ഐക്യവേദിയുമായി ചർച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ഗോപൻ സ്വാമിയുടെ മകൻ സനന്ദനൻ പറഞ്ഞു. ‘ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തലാണ് ഇവിടെ നടക്കുന്നത്. അത് സമ്മതിക്കില്ല. പൊലീസ് പൊളിക്കാൻ വന്നാൽ തടയും. തീർച്ചയായിട്ടും അത് തെറ്റായ കാര്യമാണ്. ഹിന്ദു ഐക്യവേദിയുമായി ചർച്ച ചെയ്ത് തീരുമാനമെടുത്ത് മുന്നോട്ടുപോകും’ - സനന്ദനൻ പറഞ്ഞു. ഹിന്ദു ഐക്യവേദി സമ്മതിച്ചാൽ കല്ലറ പൊളിക്കാൻ അനുവദിക്കുമോ എന്ന ചോദ്യത്തിന് അവർ ഒരു തീരുമാനമെടുക്കട്ടെ, സമ്മതിക്കുന്ന കാര്യം പിന്നീട് പറയാം എന്നായിരുന്നു മറുപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി മരിച്ചത്. മൃതദേഹം വീട്ടുകാർ ആരുമറിയാതെ രഹസ്യമായി സമീപത്തെ കല്ലറയിൽ സംസ്കരിക്കുകയും സമാധിയായതായി അവകാശപ്പെടുകയുമായിരുന്നു. കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് വരെ ആരോപണം ഉയർന്ന സംഭവത്തിൽ കല്ലറ പൊളിക്കുന്നത് സംബന്ധിച്ച് ജില്ല ഭരണകൂടം ഇന്ന് തീരുമാനമെടുക്കും. ഇന്നലെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള ശ്രമം ഭാര്യയും മക്കളും സംഘ്പരിവാർ ബന്ധമുള്ളവരും ചേർന്ന് തടഞ്ഞിരുന്നു. സമാധി പൊളിച്ചാൽ അതിന്റെ പവർ പോകുമെന്നും ഹിന്ദുവികാരം വ്രണപ്പെടുമെന്നും ഭാര്യയും മക്കളും പറഞ്ഞു. മൃതദേഹം ഡോക്ടർ പരിശോധിച്ചാൽ അത് കളങ്കപ്പെടുമെന്നതിനാലാണ് അനുവദിക്കാത്തതെന്നും ഇവർ പറഞ്ഞു. സമാധി ചടങ്ങുകള്‍ ആരും കാണരുതെന്ന് പിതാവ് നിർദേശിച്ചിരുന്നതിനാലാണ് രഹസ്യമായി സംസ്കരിച്ചതെന്ന് മക്കൾ വാദിച്ചു.
awwaesaasa