അൻവറിന്റെ രാജി സർപ്രൈസ്; ഇക്കാര്യത്തിൽ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചത് മുസ്ലിം ലീഗുമായി കൂടിയാലോചിച്ചിട്ടല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. അൻവറിന്റെ രാജി സർപ്രൈസ് ആണെന്നും ഇക്കാര്യത്തിൽ ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘അൻവറിന്റെ രാജി ഞങ്ങൾക്ക് സർപ്രൈസ് ആണ്. മാധ്യമങ്ങളിലൂടെയാണ് രാജിവെച്ച കാര്യം അറിയുന്നത്. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരും. അദ്ദേഹവുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇനി യു.ഡി.എഫ് ആണ് തീരുമാനം എടുക്കേണ്ടത്. ആദ്യം കോൺഗ്രസ് ആണ് തീരുമാനിക്കേണ്ടത്. പിന്നീട് യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കും. അതിനൊപ്പം ലീഗും നിൽക്കും. ലീഗ് സ്വന്തമായി തീരുമാനം എടുക്കേണ്ട ഒന്നും ഇക്കാര്യത്തിൽ ഇല്ല. അൻവർ ഞങ്ങളുമായി ഒന്നും ആലോചിച്ചിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
അൻവർ ലീഗിനെ പുകഴ്ത്തിപ്പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ നല്ലത് ആര് പറഞ്ഞാലും സന്തോഷം ഉണ്ട് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാൻ എം.എൽ.എ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേരണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂർ എം.എൽ.എ പദവി രാജിവെച്ചതെന്ന് പി.വി. അൻവർ വ്യക്തമാക്കിയിരുന്നു. രാജിവെച്ച ഒഴിവിൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പകരം കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
xcbvx