അൻവറിന്‍റെ യു.ഡി.എഫ് പ്രവേശനത്തിനെതിരെ കൊല്ലപ്പെട്ട ഒതായി മനാഫിന്റെ കുടുംബം; സാദിഖലി തങ്ങളെ കണ്ടു
പി.വി അൻവറിനെ യു.ഡി.എഫ് പ്രവേശനത്തിനെതിരെ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ ഒതായി മനാഫിന്റെ കുടുംബം രംഗത്ത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽകണ്ട ഒതായി മനാഫിന്റെ കുടുംബം അൻവറിനെ യു.ഡി.എഫ് പ്രവേശനത്തിൽ ആശങ്ക അറിയിച്ച് കത്തും നൽകി. മുസ് ലിം ലീഗ് ഉയർത്തിപ്പിടിക്കുന്ന മാനവികതക്കെതിരെ നിൽക്കുന്ന ആളാണ് അൻവറെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.1995ൽ ലീഗ് പ്രവർത്തകനായ ഒതായി മനാഫിനെ കൊലപ്പെടുത്തിയ കേസിൽ പി.വി അൻവർ പ്രതി ചേർക്കപ്പെട്ടിരുന്നു. എന്നാൽ, ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടർന്ന് അൻവറിനെ കോടതി വെറുതെ വിടുകയായിരുന്നു. മനാഫിന്‍റെ രക്തസാക്ഷിത്വത്തെ അപമാനിച്ചാണ് അൻവർ യു.ഡി.എഫിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അൻവറിനെ ലീഗിലോ യു.ഡി.എഫിലോ എടുത്ത് മനാഫിന്റെ ഓർമകളെ അപഹേളിക്കരുതെന്നും സാദിഖലി തങ്ങൾക്ക് നൽകിയ കത്തിൽ പറയുന്നു.
1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിലാണ് ഓട്ടോ ഡ്രൈവർ പള്ളിപ്പറമ്പൻ അബ്‌ദുൽ മനാഫ് (29) കൊല്ലപ്പെട്ടത്. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വി. ഷൗക്കത്തലിയുടെ വീട്ടിൽവച്ച് പി.വി. അൻവറിന്റെയും മാലങ്ങാടൻ ഷെഫീഖ്, മാലങ്ങാടൻ സിയാദ്, മാലങ്ങാടൻ ഷെരീഫ് എന്നിവരുടെയും നേതൃത്വത്തിൽ ഗൂഢാലോചന നടത്തി മാരകായുധങ്ങളുമായി എത്തിയ സംഘം അബ്‌ദുൽ മനാഫിന്റെ വീടുകയറി അക്രമിക്കുകയും തുടർന്ന് ഒതായി അങ്ങാടിയിലെത്തി അബ്‌ദുൽ മനാഫിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. പി.വി.അൻവർ ഉൾപ്പെടെ 26 പേരാണ് കേസിൽ പ്രതികളായത്. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ പി.വി അൻവർ അടക്കം 21 പ്രതികളെ വെറുതെ വിടുകയായിരുന്നു.
AESWDESDSDESR