എൻ.എം. വിജയന്റെ കടബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ
കൽപറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കടബാധ്യതകൾ കോൺഗ്രസ് ഏറ്റെടുക്കില്ലെന്ന് ടി. സിദ്ദീഖ് എം.എൽ.എ. വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും അങ്ങനെ ആർക്കെങ്കിലും ഏറ്റെടുക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
‘പണം ആരൊക്കെ വാങ്ങി, ഏതൊക്കെ സോഴ്സുകളിൽ ഉപയോഗിച്ചു എന്ന് കണ്ടെത്തണം. അത് വ്യക്തിപരമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ആർക്കെങ്കിലും ഏറ്റെടുക്കാൻ കഴിയുമോ? പാർട്ടി ഇതിൽ കക്ഷിയല്ല. പാർട്ടി യോഗം ചേർന്ന് ഇന്ന രീതിയിൽ പണം വാങ്ങണമെന്ന് തീരമാനമെടുത്താൽ പാർട്ടി കക്ഷിയാകും. അല്ലാത്തത് പാർട്ടി അതേറ്റെടുക്കേണ്ടതില്ല. ആരുടെയെങ്കിലും പേരെഴുതിവെച്ചാൽ പാർട്ടിയാകില്ല. എന്റെ പേര് മറ്റുള്ളവർ എഴുതിവെച്ചാൽ പാർട്ടിക്ക് അതിൽ പങ്കുണ്ടോ? അത് അന്വേഷിക്കണം. അതിന് വേണ്ടിയാണ് അന്വേഷണ കമീഷൻ പ്രഖ്യാപിച്ചത്. അതാണ് ഞങ്ങളുടെ ധാർമികത’ - സിദ്ദീഖ് പറഞ്ഞു.
നേരത്തെ വിജയന്റെ ആത്മഹത്യ കുറിപ്പ് തള്ളി വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനും രംഗത്തുവന്നു. കുറിപ്പിൽ പറയുന്ന കാര്യങ്ങളിൽ യാതൊരു വാസ്തവുമില്ലെന്നും അത്തരമാരു ഇടപാട് ഞാൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മരിക്കാൻ പോകുന്നയാൾക്ക് ആരുടെ പേര് വെണമെങ്കിലും എഴുതിവെക്കാലോ? ഒരാൾ കുടുങ്ങിക്കോട്ടെ എന്ന് കരുതി മനഃപൂർവം എഴുതിവെച്ചതാണെങ്കിൽ എന്തുചെയ്യാൻ പറ്റും? വിജയൻ പണം വാങ്ങിച്ചത് എന്താവശ്യത്തിനാണെന്ന് അറിയില്ല. പണമിടപാടിന്റെ പേരിൽ വിജയന്റെ ഭൂമി കണ്ടുകെട്ടിയിരുന്നു. മരണശേഷം വക്കീലുമായി ബന്ധപ്പെട്ടപ്പോഴാണ് എനിക്ക് ഇക്കാര്യം മനസ്സിലായത്. അങ്ങേർക്ക് (വിജയന്) വലിയ കടങ്ങൾ ഉണ്ട് എന്ന് പറയുന്നു. എന്തിനാണ് വാങ്ങിയതെന്നോ എങ്ങനെ കടം വന്നു എന്നോ എനിക്കറിയില്ല. നെഞ്ചിൽ കൈവെച്ച് തന്നെ ഇത് പറയാൻ കഴിയും. അങ്ങേര് വ്യക്തിപരമായി വല്ല ആവശ്യത്തിനും പണം വാങ്ങിയത് പാർട്ടി ഏറ്റെടുക്കേണ്ട ആവശ്യമില്ല’ -അപ്പച്ചൻ പറഞ്ഞു.
‘2017- 19 കാലയളവിലാണ് ഇടപാട് നടന്നതെന്ന് പറയുന്നു. ഞാനന്ന് ഡി.സി.സി പ്രസിഡന്റല്ല. എനിക്ക് മുമ്പ് ഐ.സി. ബാലകൃഷ്ണൻ, കെ.എൽ. പൗലോസ്, പി.വി. ബാലചന്ദ്രൻ എന്നീ മൂന്നുപേർ പ്രസിഡന്റായി ഉണ്ടായിരുന്നു. അവർ മൂന്നാളുകളും ഉള്ള കാലത്താണ് ഈ സംഭവങ്ങൾ ഒക്കെ എന്നാണ് പറയുന്നത്. ഞാൻ അതിൽ ഭാഗഭാക്കല്ല. വ്യക്തിപരമായി ഞാനും വിജയനും നല്ല ബന്ധമാണ്. കഴിഞ്ഞ 19ന് നടന്ന ഡി.സി.സി ജനറൽ ബോഡിയിൽ പോലും വിജയൻ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഇക്കാര്യങ്ങൾ അന്ന് എന്നോട് പറയണമല്ലോ’ -അപ്പച്ചൻ പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡി.സി.സി ട്രഷറർ കെ.കെ ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വിജയന്റെ കത്തിലുള്ളത്. താൻ മരിക്കുകയാണെങ്കിൽ ഉത്തരവാദികൾ കത്തിൽ പേരുള്ള നേതാക്കളാണെന്നും അതിലുണ്ട്. എം.എൽ.എയെ വിടാതെ പിന്തുടരുന്ന സി.പി.എമ്മിന് കത്ത് വലിയ ആയുധമാണ് നൽകിയത്.
തിങ്കളാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ വർധിത ഊർജത്തിൽ എം.എൽ.എയുടെ ഓഫിസിലേക്ക് തള്ളിക്കയറിയതും കത്തിന്റെ പിൻബലത്തിലാണ്. ഇന്ന് രാത്രി ബത്തേരി നഗരത്തിൽ നൈറ്റ് മാർച്ച് നടത്താൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. എം.എൽ.എ രാജിവെക്കണമെന്നാണ് ആവശ്യം. അതേസമയം, പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റേയും വിജിലൻസിന്റേയും അന്വേഷണം പുരോഗമിക്കുകയാണ്. എൻ.എം. വിജയന്റെ കുടുംബം നൽകിയ കത്തുകൾ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കത്തുകളിൽ പരാമർശിക്കുന്നവരുടെ മൊഴിയെടുക്കും.
sdfgdsg