ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്


സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. തന്നെ ഒരു വ്യക്തി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് രാവിലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

ഒരു വ്യക്തിയുടെ ഇടപെടലുകളെ ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ മുന്നറിയിപ്പ്. ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത് കാരണം മനഃപൂര്‍വം സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് അയാളെന്നും ഹണി റോസ് കുറിപ്പില്‍ പറഞ്ഞു.

article-image

AESSDEZDASDAS

You might also like

Most Viewed