ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിലെ വനിത ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കുന്നുകര: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജിലെ വനിത ഹോസ്റ്റലിന്റെ ഏഴാം നിലയിലെ കൈവരിയിൽ നിന്ന് തെന്നി വീണ് എം.ബി.ബി.എസ് രണ്ടാം വർഷ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കണ്ണൂർ ഇരിക്കൂർ പെരുവളത്ത് പറമ്പ് നൂർ മഹൽ വീട്ടിൽ ഫാത്തിമത്ത് ഷഹാനയാണ് (21) മരിച്ചത്.
ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഹോസ്റ്റലിന് ഏഴ് നിലകളാണുള്ളത്. ഷഹാന അഞ്ചാം നിലയിലാണ് താമസിക്കുന്നത്. വൈകീട്ട് വിവിധ നിലകളിൽ താമസിക്കുന്ന സഹപാഠികൾ മുറികൾക്ക് സമീപം ഒരുമിച്ച് കൂടാറുണ്ട്. ഇത്തരത്തിൽ മുറിക്ക് സമീപം ഒത്തുകൂടിയ ശേഷം സഹപാഠികൾക്കൊപ്പം ഷഹാനയും ഏഴാം നിലയിലെത്തി.
ഫോൺ ചെയ്യുന്നതിനിടെ കൈവരിക്ക് പുറത്തുള്ള ജിപ്സം ബോർഡ് കൊണ്ടുള്ള ക്വാറിഡോറിലേക്ക് ഹെഡ് സെറ്റ് വീണു. അതെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു.
സഹപാഠികൾ ഉടനെ കോളജ് അധികൃതരെ വിവരമറിയിച്ചു. മെഡിക്കൽ കോളജിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായിരുന്നു.
പിന്നാലെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് ഹോസ്റ്റലിൽ പരിശോധന നടത്തി വരുകയാണ്.
sefsfg