രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയിൽ; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും
രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. എം കെ മുനീർ അധ്യക്ഷനായ 'ഗരീബ് നവാസ് 'എന്ന സെഷൻ ചെന്നിത്തല ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡണ്ടായ ജാമിഅഃ നൂരിയയിലേയ്ക്ക് രമേശ് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താൽപര്യപ്രകാരമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളിൽ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് രമേഷ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്. മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ വാർഷിക സമ്മേളനത്തിലെ മുഖ്യാതിഥിയും രമേശ് ചെന്നിത്തലയാണ്. വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിക്കും. ജനുവരി 11നാണ് മഞ്ചേരി ജാമിഅഃ ഇസ്‌ലാമിയ്യയുടെ 35-ാം വാർഷിക സമ്മേളനം. എസ്കെഎസ്എസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സ്ഥാപനമാണ് ജാമിഅഃ ഇസ്ലാമിയ്യ.
കഴിഞ്ഞവർഷത്തെ ജാമിയഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ വി ഡി സതീശൻ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ വിഡി സതീശൻ സമ്മേളന പരിപാടികളിൽ ഇടം ലഭിച്ചിട്ടില്ല. സമസ്തയുടെ സ്ഥാപനങ്ങളിലേക്കുള്ള കടന്ന് വരവും ലീഗിന്റെ പരോക്ഷ പിന്തുണയും ചെന്നിത്തലയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് കരുത്തു പകരുന്നുണ്ട്. മന്നം ജയന്തിയിലേക്ക് എൻഎസ്എസ് ക്ഷണിച്ചതിനു പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
ോ്ാേിോേ്ോ്േ