CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം
രാജു എബ്രഹാം സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ടേം പൂർത്തിയായ നിലവിലെ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ഒഴിവിലേക്കാണ് സംസ്ഥാന സമിതി അംഗമായ രാജു എബ്രഹാം എത്തുന്നത്. കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായ റാന്നിയിൽ 25 വർഷം എംഎൽഎയായിരുന്നു രാജു എബ്രഹാം. കൂടുതൽ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ എതിരില്ലാതെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് രാജു എബ്രഹാമിനെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിഡി ബൈജു, പി ബി ഹർഷകുമാർ എന്നിവരുടെ പേരുകളും ജില്ലാ സെക്രട്ടറി പരിഗണന പട്ടികയിൽ ഉണ്ടായിരുന്നു.
മുതിർന്ന ചില നേതാക്കൾ ഒഴിവായി പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റി പാനലിൽ 6 പുതുമുഖങ്ങളെയാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. 35 അംഗ ജില്ലാ കമ്മിറ്റിയിൽ നിന്ന് ആറുപേരെ പുതുതായി ഉൾപ്പെടുത്തി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി ആന്റണി ജില്ലാ കമ്മിറ്റിയിൽ ഉണ്ട്.
കോഴഞ്ചേരി ഏരിയ സെക്രട്ടറി T V സ്റ്റാൻലിൻ, P K S ജില്ലാ സെക്രട്ടറി സി എം രാജേഷ് (പട്ടികജാതി ക്ഷേമ സമിതി), ഇരവിപേരൂർ ഏരിയാ സെക്രട്ടറി T K സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, DYFI ജില്ലാ സെക്രട്ടറി ബി നിസ്സാo എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങൾ. കെ പി ഉദയഭാനു , മുൻ എംഎൽഎ കെ സി രാജഗോപാൽ, പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശ്രീധരൻ , അഡ്വക്കേറ്റ് ഫീലിപ്പോസ് തോമസ് , ബാബു കൊയിക്കലത്ത്, നിർമ്മലാദേവി എന്നിവരെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി.വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
adsdsdsdf