പെരിയ ഇരട്ടക്കൊല കേസ്: സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സിപിഐഎം
പെരിയ ഇരട്ടക്കൊല കേസിലെ സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സിപിഐഎം. കെവി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കായി അപ്പീല്‍ നല്‍കുമെന്ന് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ പറഞ്ഞു. കോടതി വിധിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും പറഞ്ഞു.
കോടതി വിധി അംഗീകരിച്ചുള്ള സമീപനമാണ് ആര്‍ക്കും പൊതുവേ സ്വീകരിക്കാന്‍ കഴിയുക. നിയമവാഴ്ചയില്‍ അത്തരമൊരു നിലപാട് സ്വീകരിച്ചേ പറ്റൂ. ഈ കേസില്‍ നിരപരാധികളായ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിന്റെയെല്ലാം വിശദാംശങ്ങള്‍ പരിശോധിച്ച് നിയമനടപടി സ്വീകരിക്കാനേ സാധിക്കൂ. സിപിഐഎം ആസൂത്രണം ചെയ്ത ഒരു കൊലയും കേരളത്തിലില്ല – ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കിതില്‍ പങ്കില്ല. സിബിഐ ബോധപൂര്‍വം നേതാക്കളെ ബോധപൂര്‍വം ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തിയതാണ്. പാര്‍ട്ടി ഇക്കാര്യത്തില്‍ ഗൗരവമായ പരിശോധന നടത്തും. ഈ കോടതി കണ്ടെത്തിയിട്ടുണ്ടാകും. മേലെയും കോടതി ഉണ്ടല്ലോ? ഇതൊരു അന്തിമ വിധിയല്ല. അപ്പീല്‍ പോകും – എംവി ബാലകൃഷ്ണന്‍ വിശദമാക്കി.
പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ശിക്ഷിക്കപ്പെട്ട 14 പേരില്‍ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനും ഉള്‍പ്പെട്ടത് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. കൂടാതെ ഇതില്‍ ആറ് പേര്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകരോ പാര്‍ട്ടി ചുമതലകളില്‍ ഉണ്ടായിരുന്നവരോ ആണ്. ജനുവരി മൂന്നിനാണ് ശിക്ഷാവിധി.
dfsf