പെരിയ ഇരട്ട കൊലക്കേസ്; കൊലപാതകത്തിന്‍റെ ഗൂഢാലോചന നടത്തിയത് സിപിഎമ്മാണെന്ന് വിഡി സതീശൻ
കാസർഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതും പ്രതികളെ രക്ഷപെടുത്താന്‍ ശ്രമിച്ചതും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊലപാതകത്തിന്‍റെ ഗൂഢാലോചന നടത്തിയത് സിപിഎമ്മാണെന്ന് സതീശൻ പ്രതികരിച്ചു. തെളിവ് നശിപ്പിച്ചതും ആയുധങ്ങള്‍ ഒളിപ്പിച്ചതും സിപിഎമ്മാണ്.
പ്രതികളെ രക്ഷിക്കാൻ പോലീസിനെ ഉപയോഗിച്ചും ശ്രമം നടത്തി. തെളിവുകൾ നശിപ്പിക്കാനും സർക്കാർ കൂട്ടുനിന്നെന്നും സതീശൻ ആരോപിച്ചു.കേരളത്തിലെ ജനങ്ങളോടും കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മാപ്പ് പറയണം. പത്ത് പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നല്‍കുമെന്നും സതീശൻ പറഞ്ഞു.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.
കേസിൽ ജനുവരി മൂന്നിന് ശിക്ഷാവിധി പ്രഖ്യാപിക്കും. സിപിഎം നേതാക്കൾ അടക്കം കേസിൽ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞു. 20-ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. 10 പ്രതികളെ കോടതി വെറുതേ വിട്ടു.