ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുണ്ടായ ആക്രമണം കേരളത്തിന് അപമാനം: മുഖ്യമന്ത്രി
ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ സംസ്കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം. അവരെ ചെറുക്കാനും ഈ നാടിന്‍റെ യഥാർഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിന്‍റെ ജന്മദിനം മാനവികതയുടേയും സ്നേഹത്തിന്‍റെയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെയെന്നും പോസ്റ്റിൽ പറയുന്നു.
വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്നേഹത്തിന്‍റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിന് കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്‍റേത്. ത്യാഗത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിന്‍റെ ശബ്ദമുയർത്തുകയാണ് ചെയ്തത്. യേശുവിന്‍റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിന്‍റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിന്‍റെ പടിയ്ക്കു പുറത്തു നിർത്താമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ghvfg