SOG കമാന്‍ഡോയുടെ ആത്മഹത്യ; 'AC അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം'; സഹപ്രവർത്തകരുടെ മൊഴി
കൊയിലാണ്ടി അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീതിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി എസ് ഒ ജി കമാൻഡോകൾ. ഉദ്യോഗസ്ഥരുടെ പീഡനമാണ് വിനീതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപ്രവർത്തകരുടെ മൊഴി. കൊണ്ടോട്ടി ഡിവൈഎസ്പി സേതുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ക്യാമ്പിലെത്തി മൊഴി രേഖപ്പെടുത്തിയത്. എസ് ഒ ജി അസി. കമാന്റന്റ് അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിന്നുവെന്നാണ് മൊഴി. സുഹൃത്ത് മരിച്ചതിലെ വീഴ്ച്ച വിനീത് കുമാര്‍ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് ഇടയാക്കിയെന്നും മൊഴിയില്‍ പറയുന്നു. 2021 സെപ്തംബര്‍ 16 നാണ് വിനീതിന്റെ സുഹൃത്ത് സുനീഷ് മരിക്കുന്നത്. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെയാണ് വയനാട് സ്വദേശിയായ സുനീഷ് മരിച്ചത്. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. സഹപ്രവര്‍ത്തകര്‍ സുനീഷിനെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും എ സി അജിത്ത് സഹായിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും സുനീഷ് മരിച്ചു.
പിന്നാലെ സുനീഷിന്റെ മരണത്തില്‍ എ സി അജിത്തിനെതിരെ വിനീത് ശബ്ദമുയത്തി. ഈ സംഭവത്തെ തുടര്‍ന്നാണ് എ സി അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യം തോന്നിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഗര്‍ഭിണിയായ ഭാര്യക്കൊപ്പം ആശുപത്രിയില്‍ പോകുന്നതിനാണ് വിനീത് അവധിക്ക് അപേക്ഷിച്ചത്. രണ്ട് തവണ നല്‍കിയ അവധി അപേക്ഷയും എസി അജിത്ത് നിരസിച്ചു. അവധിക്കായി വിനീത് എസ്പി ഫറാഷ് അലിയേയും സമീപിച്ചങ്കിലും ഇടപെട്ടില്ല. ക്യാമ്പ് വൃത്തിയാക്കിയാല്‍ അവധി പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. വിനീതും സുഹൃത്തുക്കളും പണം പിരിവിട്ട് ക്യാമ്പിലെ കാട് മുഴുവന്‍ വെട്ടി. ശേഷവും അവധി ലഭിക്കാത്തതിനാല്‍ വിനീത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. വിനീതിന്റെ ആത്മഹത്യക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയെന്നും സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി.
ASASWAWs