പനയമ്പാടം അപകടം; പൊന്നോമനകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; മൃതദേഹം ഖബറടക്കി
പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഒരൊറ്റ ഖബറിൽ നാല് അടിഖബറുകൾ ഒരുക്കിയാണ് കൂട്ടുകാരെ നാലുപേരെയും ഒരുമിച്ച് അടക്കിയത്.
രാവിലെ ആറരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും നാലുപേരുടെയും മൃതദേഹം വീടുകളിൽ എത്തിച്ചു. ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം നാലുപേരുടെയും മൃതദേഹങ്ങൾ കരിമ്പിനൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച കരിമ്പനല്‍ ഹാളിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം അവരവരുടെ വീടുകളില്‍ എത്തിച്ചത്. ചെറുവള്ളിയില്‍ അടുത്തടുത്താണ് വിദ്യാര്‍ത്ഥിനികളുടെ വീട്. നാട്ടുകാരും വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളും ബന്ധുക്കളും അടക്കം നിരവധി പേരാണ് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കുകാണാന്‍ വീടുകളിലേക്ക് എത്തിയത്.
സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്ന് പരാതി ഉയര്‍ന്നിട്ടും നടപടിയില്ലെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പ്രശ്നത്തിന് പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
DEDFRGTTDE