പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ


പരസ്യ ചിത്രീകരണത്തിനിടയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ആർടിഒ. ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ആർടിഒ സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി. സിസിടിവി ദൃശ്യങ്ങൾ മോട്ടോർ വാഹനവകുപ്പിന് നൽകിയിരുന്നില്ല. ദൃശ്യങ്ങൾ ആർക്കും നൽകരുതെന്ന് കടയുടമകൾക്ക് പൊലീസിൻ്റെ വിലക്ക് ഉണ്ടായിരുന്നതായാണ് വിവരം.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബീച്ച് റോഡില്‍ ഇരുപതുകാരനായ ആല്‍വിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. സാരമായി പരിക്കേറ്റ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയത്. ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്. വീഡിയോ എടുക്കുന്ന ആല്‍വിന്‍ റോഡില്‍ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു.

അപകടത്തിനെ പറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കേരള രജിസ്‌ട്രേഷനിലുള്ള 'ഡിഫന്‍ഡര്‍' വാഹനത്തിന്റെ നമ്പറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന സംശയത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തെലങ്കാന രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. തുടര്‍ന്ന് കോഴിക്കോട് ആര്‍ടിഒ നടത്തിയ ഇരുവാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ തെലങ്കാന രജിസ്‌ട്രേഷനിലുള്ള കാറിൻ്റെ മുന്‍വശത്തെ ക്രാഷ് ഗാര്‍ഡിലും ബോണറ്റിലും അപകടം ഉണ്ടായതിൻ്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഒപ്പം പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവികളില്‍ നിന്നും തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനം ആല്‍വിനെ ഇടിക്കുന്നതിൻ്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു.

You might also like

Most Viewed