നിലപാടിൽ ഉറച്ച് പ്രേം കുമാർ; ആത്മയുടെ തുറന്ന കത്തിന് അതേ നിലയിൽ മറുപടി
സീരിയല്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയ്ക്ക് മറുപടിയുമായി പ്രേംകുമാർ. സീരിയലുകളുമായി ബന്ധപ്പെട്ട് പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ വ്യക്തമാക്കി. സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ തുറന്ന കത്തിന് തുറന്ന കത്തിലൂടെ തന്നെയാണ് പ്രേം കുമാർ മറുപടി നൽകിയിരിക്കുന്നത്. ചില സീരിയലുകൾ സംസ്കാരത്തെ മുറിപ്പെടുത്തുന്നുവെന്നും മനുഷ്യബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്നും പ്രേം കുമാർ ചൂണ്ടിക്കാണിച്ചു. ജീവിതവും ബന്ധങ്ങളും ഇങ്ങനെയാണെന്ന് പുതുതലമുറ തെറ്റിദ്ധരിക്കുകയാണ്. ചില പരിപാടികൾ എൻഡോസൾഫാൻ പോലെ അപകടമാണെന്ന നിലപാട് പ്രേം കുമാർ ആവർത്തിച്ചു. ഇത് മനുഷ്യരുടെ ചിന്തയെ വികലമാക്കി മാനസിക വൈകല്യം ഉണ്ടാകുന്നുവെന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു. വിഷയത്തിൽ ആത്മയെ പരസ്യസംവാദത്തിന് ക്ഷണിക്കുന്നുവെന്നും പ്രേം കുമാർ വ്യക്തമാക്കിയിട്ടുണ്ട്. താൻ സീരിയൽ വിരുദ്ധനല്ലെന്നും ഉള്ളടക്കത്തെയാണ് വിമർശിച്ചതെന്നും ചൂണ്ടിക്കാണിച്ച പ്രേം കുമാർ തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്നും തുറന്ന കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ചില മലയാളം സീരിയലുകൾ 'എൻഡോസൾഫാൻ' പോലെ സമൂഹത്തിന് മാരകമാണെന്ന് നേരത്തെ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ സീരിയൽ അഭിനേതാക്കളുടെ സംഘടനായ ആത്മ പരാമർശത്തിൽ തുറന്ന കത്തുമായി രംഗത്ത് വന്നിരുന്നു.
sdfadsafsd