മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കി
മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. ഇന്നലെ ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. മധു പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന് കുറിപ്പിൽ പറയുന്നു.
നേരത്തെ തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പാർട്ടി വിടുകയാണെന്നും മധു മുല്ലശ്ശേരി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിലെ പലരെയും സ്വാധീനിച്ചാണ് വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയതെന്നും മംഗലപുരത്ത് വലിയ വിഭാഗീയതയാണ് നിലനില്‍ക്കുന്നതെന്ന് മധു മുല്ലശ്ശേരി പറഞ്ഞിരുന്നു. 42 വർഷം ഈയൊരു പ്രസ്ഥാനത്തിനുവേണ്ടി നിന്നിട്ട് തന്നെ ഒന്നുമല്ലാതാക്കിക്കളഞ്ഞുവെന്നും താൻ പോയാൽ മകൻ മാത്രമല്ല, ഒരു വിഭാഗം ആളുകൾ ഒപ്പം വരുമെന്നും മധു പറഞ്ഞു. ഏതു പാർട്ടിയിലേക്കാണ് താൻ പോകുന്നതെന്ന് 11 മണിക്ക് വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നും മധു വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നുമായിരുന്നു ജില്ലാ സെക്രട്ടറി വി ജോയിയുടെപ്രതികരണം. സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ നടന്ന 17 സമ്മേളനങ്ങളിൽ മംഗലപുരം സമ്മേളനത്തിൽ നിന്ന് മാത്രമാണ് ഈ വാർത്ത വന്നത്. മധു മുല്ലശ്ശേരി പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചത് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള രീതി സിപിഐഎമ്മിനുണ്ട്. മംഗലപുരം സമ്മേളനത്തിൽ ഒരു പേര് കൂടി സെക്രട്ടറി സ്ഥാനത്തേക്ക് വന്നു. അങ്ങനെയാണ് ജലീലിന് ഭൂരിപക്ഷം കിട്ടിയത്. ജനാധിപത്യപരമായ രീതിയിലാണ് സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മധു പറഞ്ഞ കാര്യങ്ങൾ അവാസ്തവമാണെന്നും വി ജോയ് പ്രതികരിച്ചിരുന്നു.
adesfadesfwaeqs