ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി ജി സുധാകരൻ.
ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി സിപിഐഎം നേതാവ് ജി സുധാകരൻ. ഇന്ന് രാവിലെ സുധാകരന്‍റെ വീട്ടിൽവെച്ച് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മാധ്യമങ്ങൾ എത്തിയതോടെ പരിപാടിയിൽ നിന്ന് പിന്മാറുകയായിരുന്നു. സിപിഐഎം വേദികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന ആരോപണം ഉയരുന്നതിനിടെയാണ് ജി സുധാകരൻ ഇന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റത്. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നേതാക്കൾ ജി സുധാകരൻ്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ വിവാദത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കിയ ജി സുധാകരൻ പിന്മാറുകയായിരുന്നുവെന്നാണ് വിവരം.
പലഘട്ടങ്ങളിൽ സുധാകരൻ പാർട്ടിയെ വിമർശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎംഅമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിക്കാത്തത് ചർച്ചയായിരുന്നു. സുധാകരന്റെ വീടിനടുത്താണ് ഇത്തവണ പൊതുസമ്മേളന വേദി. എന്നാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി ആർ നാസറിൻറെ പ്രതികരണം.
zxsxz