ഒരു രാത്രി കഴിച്ചു കൂട്ടിയത് ജീവൻ പണയംവച്ച്: കൊടുങ്കാട്ടിൽ നിന്ന് രക്ഷപെട്ട ആശ്വാസത്തിൽ വീട്ടമ്മമാർ
കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകൾ സുരക്ഷിതമായി തിരിച്ചെത്തി. മൂന്ന് പേരും വനപാലകരുടെ സഹായത്തോടെയാണ് തിരികെയെത്തിയത്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ വഴിതെറ്റിപ്പോയ കുടുങ്ങിയ മൂന്ന് സ്ത്രീകൾ ഒരു രാത്രി കഴിച്ചു കൂട്ടിയത് ജീവൻ പണയംവച്ച്. ചുറ്റും ആനകളെത്തിയതോടെ ചിതറിയോടിയ ഇവര്‍ ആദ്യം ഒരു മരപ്പൊത്തില്‍ ഒളിച്ചു. അവിടേക്കും ആന എത്തിയതോടെ വീണ്ടും ഓടി പാറക്കെട്ടിനടുത്ത് അഭയം തേടുകയായിരുന്നു. ചുറ്റിലും നിന്ന് ആന ബഹളം ഉണ്ടാക്കിയെന്നും രാത്രി മുഴുവന്‍ അനങ്ങാതെ ഇരുന്നെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. ആനയ്ക്ക് പിടിക്കാന്‍ കഴിയുന്നതിലും അകലെയായിരുന്നു പാറപ്പുറത്ത് ഇവർ ഇരുന്നത്. ആന പിടിക്കാന്‍ വന്നാല്‍ മാറാനുള്ള സൗകര്യം പാറയുടെ മുകളില്‍ ഉണ്ടായിരുന്നു. രാത്രി രണ്ടുമണി വരെ ചുറ്റിലും ആന ഉണ്ടായിരുന്നു.
അതേസമയം, രാത്രിയില്‍ വനത്തില്‍ ഉച്ചത്തില്‍ പേര് വിളിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ മൂവരും തങ്ങള്‍ വിളിക്കുന്നത് കേട്ടിരുന്നുവെന്ന് ദൗത്യസംഘം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ട് മൂവരും തിരിച്ച് മറുപടി പറയാതെ മിണ്ടാതിരുന്നു. നാലുമണിക്കൂര്‍ നേരമാണ് കാട്ടില്‍ അടുത്തടുത്തായി ഉണ്ടായിരുന്നതെന്നും ദൗത്യസംഘം പറഞ്ഞു. വനാതിര്‍ത്തിയിൽ താമസിക്കുന്ന മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം കാട്ടിലകപ്പെട്ടത്. ഇവരിൽ മായയുടെ പശുവിനെ ബുധനാഴ്ച മുതല്‍ കാണാതായതാണ്. പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ഇവര്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇരുട്ടു വീണതോടെ രാത്രി തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. നേരം വെളുത്തതോടെ തിരച്ചിലിന് കൂടുതൽ സംഘത്തെ നിയോഗിക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് തെരച്ചിൽ സംഘത്തിലുണ്ടായിരുന്നത്.
asd