അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരെ കണ്ടെത്തി നടപടിയെടുക്കും
തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരെ കണ്ടെത്തി നടപടിക്കൊരുങ്ങി സംസ്ഥാന ധനവകുപ്പ്. പെന്‍ഷന്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം കഴിഞ്ഞാലുടന്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും.
ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ല. പട്ടികയില്‍ കയറിപ്പറ്റിയ അനര്‍ഹരെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചുപിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം. വിഷയത്തിൽ സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കര്‍ശന നടപടിയിലേക്ക് കടക്കും. പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അർഹതയില്ലാതെ സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റി സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ സാന്പത്തിക തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയത്. 55 വകുപ്പുകളിലായി പാർട്ട് ടൈം സ്വീപ്പർമാർ മുതൽ ഹയർ സെക്കൻഡറി, കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും വരെയുള്ളവർ സാമൂഹികസുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നതായാണ് കണ്ടെത്തൽ.
ധനവകുപ്പ് നിർദേശപ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് സർക്കാർ ജീവനക്കാരുടെ വൻ സാന്പത്തിക തട്ടിപ്പു കണ്ടെത്തിയത്. വികലാംഗ ക്ഷേമപെൻഷൻ, വിധവ പെൻഷൻ തുടങ്ങിയ ഇനങ്ങളിലാണ് പ്രധാനമായും സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി പെൻഷൻ വാങ്ങുന്നത്.
ഒരു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു ക്ഷേമപെൻഷന് അപേക്ഷിക്കാൻ അർഹതയില്ല. ഈ മാനദണ്ഡം കാറ്റിൽ പറത്തിയാണ് സർക്കാർ ജീവനക്കാർ ശന്പള ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റുന്നതിനൊപ്പം ക്ഷേമ പെൻഷനും വാങ്ങുന്നത്. കോളേജ് അസിസ്റ്റന്‍റ് പ്രഫസർമാരായ രണ്ടു പേരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഒരാൾക്ക് തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളജിലാണ് ജോലി. മറ്റൊരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളജിലാണ്. ഹയർ സെക്കൻഡറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നത്. വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധനവകുപ്പിന്‍റെ തീരുമാനം.
fdgdg