കണ്ണൂരിലെ വൻ കവര്‍ച്ച: മോഷണം നടത്തിയത് ലോക്കര്‍ ഉള്ള സ്ഥലവും താക്കോല്‍ എവിടെയെന്നും കൃത്യമായി മനസിലാക്കിയവരെന്ന് ബന്ധു
വ്യാപാരിയുടെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയിലധികം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി വീട്ടുടമയുടെ ബന്ധു. ലോക്കര്‍ ഇരിക്കുന്ന സ്ഥലവും താക്കോല്‍ എവിടെയെന്നും കൃത്യമായി മനസിലാക്കിയാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് വീട്ടുടമ അഷ്‌റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പറഞ്ഞു. ലോക്കറും താക്കോലും വേറെ വേറെ മുറിയിലായിരുന്നുവെന്നും ജാബിര്‍ പ്രതികരിച്ചു.
സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ മറ്റൊരു ബെഡ്‌റൂമിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഈ അലമാരയുടെ താക്കോല്‍ മറ്റൊരു മുറിയിലുമായിരുന്നു. എന്നാല്‍ ഈ മുറികളില്‍ നിന്ന് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഇതില്‍ നിന്ന് ലോക്കര്‍ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ വന്നതെന്നാണ് കരുതുന്നതെന്നും എന്നാല്‍ മോഷണം നടത്തിയത് അറിയുന്ന ആളുകളാണോയെന്ന് പറയാന്‍ കഴിയില്ലെന്നും ജാബിര്‍ പറഞ്ഞു.
കണ്ണൂര്‍ വളപട്ടണത്താണ് വന്‍ കവര്‍ച്ച നടന്നത്. അരി മൊത്തവ്യാപാരിയാണ് അഷ്‌റഫ്. അഷ്‌റഫും കുടുംബവും മഥുരയിലെ ബന്ധുവിന്റെ വിവാഹത്തിന് പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മഥുരയിലേക്ക് പുറപ്പെട്ടത്. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. ബുധനാഴ്ചയാണ് മോഷണം നടന്നതെന്നാണ് സംശയം.
DSAFZADS