കൂട്ടം തെറ്റിയാലും കുട്ടികളെ കണ്ടെത്താം; ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്
ശബരിമലയിലെത്തുന്ന കുട്ടികൾക്ക് കരുതലായി പൊലീസ് ബാൻഡ്. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്.
തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
അതേസമയം ശബരിമല സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി രൂപവത്കരിച്ച സംയുക്ത സ്ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായി ഉത്പ്പന്നങ്ങളുടെ വിൽപ്പന എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
dfsgffddf