പാലക്കാട് വിധിയെഴുതുന്നു; ആദ്യ മണിക്കൂറിലെ തിരക്ക് കുറഞ്ഞു, പോളിങ് മന്ദഗതിയിൽ


പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂറുകള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയതെങ്കില്‍ രാവിലെ പത്തുമണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഗ്രാമീണ മേഖലയിലെ ബൂത്തുകളില്‍ ആളുകളുണ്ടെങ്കിലും പാലക്കാട് നഗര മേഖലയിലെ ബൂത്തുകളില്‍ ആളുകള്‍ കുറവാണ്. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്. രാവിലെ 10.30വരെയുള്ള കണക്ക് പ്രകാരം 2021നെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ ആറു ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

10.30വരെ 20.50ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് മുനസിപാലിറ്റിയിലെ ബൂത്തുകളിലും പോളിങ് മന്ദഗതിയിലാണ്. ഉപതെരഞ്ഞെടുപ്പായതിനാൽ സ്വാഭാവികമായുണ്ടാകുന്ന പോളിങ് ശതമാനം കുറവാണെന്നും വിജയത്തെ ഇത് ബാധിക്കില്ലെന്നുമാണ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. പാലക്കാട് പിരായിരിലെ 122ാം നമ്പര്‍ ബൂത്തിൽ രണ്ടു തവണയായി വോട്ടിങ് മെഷീൻ തകരാറിലായി. ഇതേ തുടര്‍ന്ന് ഇവിടെ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.

മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടു. എന്നാൽ പിന്നീട് തിരക്ക് കുറയുന്ന കാഴ്ചയാണ് ഉണ്ടായത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.

article-image

swefweewwe

You might also like

Most Viewed