തെളിവില്ല; കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ വിട്ടയച്ചു
മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പോലീസ് വിട്ടയച്ചു. അറസ്റ്റിലായ കുറുവ സംഘാംഗം സന്തോഷ് സെൽവന്‍റെ അടുത്ത ബന്ധുവാണ് മണികണ്ഠൻ. സന്തോഷിനൊപ്പം എറണാകുളം കുണ്ടന്നൂർ മരടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തതാണ് ഇയാളെ. കുറുവ സംഘത്തിന്‍റെ മോഷണത്തിൽ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പോലീസ് വ്യക്തമാക്കി. എപ്പോൾ അറിയിച്ചാലും മരട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്.മണികണ്ഠന്‍റെ ഫോൺ രേഖകൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയിൽ മോഷണം നടന്ന ഒക്ടോബർ 21 മുതൽ നവംബർ 14 വരെ മണികണ്ഠൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തൽ. ഇത്രയും ദിവസം മണികണ്ഠൻ തമിഴ്നാട്ടിലായിരുന്നു. കൂടാതെ, പുന്നപ്രയിൽ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. എന്നാൽ മോഷണങ്ങൾക്ക് ഇയാൾ ബാഹ്യ സഹായം ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം സന്തോഷ് സെൽവനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് പ്രത്യേക അപേക്ഷ ഇന്നു കോടതിയിൽ സമർപ്പിക്കും. സന്തോഷ് സെൽവത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു പ്രതികൾക്കായി വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സ്പെഷൽ സ്‌ക്വാഡ്.
sddfsvdfsds