ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്ക് ജയം


കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്ക് ജയം. സി.പി.എം പിന്തുണയോടെയാണ് കോൺഗ്രസിലെ വിമതരുടെ 11 അംഗ പാനൽ ജയിച്ചത്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് പാനൽ മത്സരിച്ചത്. ജി.സി. പ്രശാന്തിനെ ചെയർമാനായി തെരഞ്ഞെടുത്തു. കോൺഗ്രസ് ജില്ല നേതൃത്വം നിർദേശിച്ച പാനലും കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട ബാങ്കിന്റെ നിലവിലെ ചെയർമാൻ പ്രശാന്ത് കുമാർ നേതൃത്വം നൽകുന്ന പാനലും തമ്മിലായിരുന്നു പ്രധാന പോരാട്ടം.

ഇരുപക്ഷത്തെയും 11 പേർ വീതം 22 ഉം എട്ട് ബി.ജെ.പി പ്രതിനിധികളും ഒരു സ്വതന്ത്രനുമടക്കം 11 അംഗ ഭരണ സമിതിയിലേക്ക് ആകെ 31 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 36,000ത്തോളം വോട്ടർമാരിൽ 9000ത്തിൽ താഴെ അംഗങ്ങളാണ് വോട്ടുചെയ്തത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ ആദ്യവസാനം വരെ സംഘർഷമായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ഭരണം പിടിക്കാൻ കോൺഗ്രസ് ഔദ്യോഗിക പക്ഷവും സി.പി.എം പിന്തുണയുള്ള വിമതപക്ഷവും രംഗത്തിറങ്ങിയ തെരഞ്ഞെടുപ്പിൽ ഇരുപക്ഷവും അരയും തലയും മുറുക്കി രംഗത്തെത്തിയിരുന്നു.


സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘത്തെ സുരക്ഷക്ക് നിയോഗിച്ചെങ്കിലും ഇവരെ കാഴ്ചക്കാരാക്കിയായിരുന്നു ഏറ്റുമുട്ടൽ. ഇരുപക്ഷവും തങ്ങളുടേതല്ലാത്ത വോട്ടർമാരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തു. അക്രമി സംഘത്തെ ഭയന്ന് നൂറുകണക്കിനാളുകളാണ് വോട്ടുചെയ്യാതെ മടങ്ങിയത്. വോട്ടുചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നവർക്കാണ് മർദനമേറ്റത്. സ്ത്രീകളടക്കമുള്ളവർക്കുനേരെ അക്രമികൾ അസഭ്യവർഷവും നടത്തി. മാത്രമല്ല ബാങ്കിന്റെ അംഗത്വ കാർഡുകൾ അടക്കം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ പറയഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളിലായിരുന്നു വോട്ടെടുപ്പ്. രാവിലെതന്നെ വോട്ടുചെയ്യാൻ വലിയതോതിൽ ആളുകൾ എത്തിയെങ്കിലും പത്തുമണിയോടെ ഇരുപക്ഷവും കള്ളവോട്ട് ആരോപണം ഉയർത്തി പ്രതിഷേധിച്ചതാണ് തർക്കമായത്.

article-image

gdfgdrg

You might also like

Most Viewed