സന്ദീപ് വാര്യർ കോൺഗ്രസിൽ
പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിന്ന സന്ദീപ് വാര്യർ കോൺഗ്രസിൽ. പാലക്കാട്ട് കെപിസിസി വിളിച്ച വാർത്താസമ്മേളനത്തിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോൺഗ്രസ് നേതാക്കൾ ചേർന്നു സ്വീകരിച്ചു. സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദീപിനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. സന്ദീപ് വാര്യർ ഒരു കാലഘട്ടത്തിൽ ബിജപിയുടെ മുഖമായിരുന്നുവെന്ന് സതീശൻ പറഞ്ഞു. സന്ദീപ് വർഗീയതയുടെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് സ്നേഹത്തിന്‍റെ രാഷ്ട്രീയത്തിലേക്ക് കടന്നു വരികയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. രണ്ടാഴ്ചയോളം നീണ്ടുനിന്ന ചര്‍ച്ചകൾക്ക് ഒടുവിലാണ് സന്ദീപ് കോൺഗ്രസിലെത്തുന്നത്.
എഐസിസിയും സന്ദീപിന്‍റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്. ഉപതെരഞ്ഞെടുപ്പിന്‍റെ നിർണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ ബിജെപിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം ബിജെപിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരിൽ ബിജെപി സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകൈയെടുത്തത്. ഇതിനുശേഷവും വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് സന്ദീപ് ബിജെപി വിട്ടത്.
asdsad