പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണം: പരിശോധന ഇന്ന്; മറ്റൊരു മണ്ഡലത്തിൽ വോട്ടുണ്ടെന്ന് മറച്ചു വെച്ചാൽ നടപടി
പാലക്കാട്: പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണത്തിൽ ഫീൽഡ് തല പരിശോധന ഇന്ന്. ആരോപണം ഉയർന്ന മേഖലകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തും. കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിലും വോട്ടർപട്ടിക പരിശോധന തുടരുകയാണ്. ആരോപണം ഉയർന്ന ആളുകളുടെ വോട്ടുമാറ്റം സംബന്ധിച്ച അപേക്ഷകളും പരിശോധിക്കും. മറ്റൊരു മണ്ഡലത്തിൽ വോട്ടുണ്ടെന്ന് മറച്ചു വെച്ചാൽ നടപടിയുണ്ടാകും.
ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ഇരട്ട വോട്ട് പാലക്കാട്ടെ പ്രധാന ചര്‍ച്ചാവിഷയമാകുന്നത്. ബിജെപിയെയും യുഡിഎഫിനെയും ലക്ഷ്യംവെച്ച് സിപിഐഎം ഉന്നയിച്ച ആരോപണമാണ് കത്തിപ്പടരുന്നത്. 2700 വോട്ട് വ്യാജമായി ചേര്‍ത്തു എന്നാണ് ആരോപണം. എല്ലാ കോണുകളില്‍ നിന്നും ആരോപണം വന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ നിര്‍ബന്ധിതമായത്. അന്വേഷണത്തിന്റെ ഭാഗമായി BLO മാരില്‍ നിന്ന് വിശദീകരണം തേടി. ഇരട്ട വോട്ട്, വോട്ടെടുപ്പ് ദിവസം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ നടപടി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശമുണ്ട്.