ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം


കൊച്ചി:

സംസ്ഥാനത്തെ ആദ്യ സീപ്ലെയിന്‍ കൊച്ചിയിൽ ലാൻഡ് ചെയ്തു. ഇന്ന് 3.20നാണ് വിമാനം കൊച്ചി കായലിൽ ലാൻഡ് ചെയ്തത്. സര്‍വീസിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കല്‍ തിങ്കളാഴ്ച നടക്കും. രാവിലെ 10.30 ന് എറണാകുളം ബോള്‍ഗാട്ടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കു പോകുന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ജലാശയത്തില്‍ പറന്നിറങ്ങും. ഇവിടെനിന്ന് അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയിൻ ഉച്ചയ്ക്ക് 12ന് സിയാലിലെത്തി ഇന്ധനം നിറച്ചശേഷം അഗത്തിയിലേക്ക് പോകും. റീജണല്‍ കണക്‌ടിവിറ്റി സ്‌കീമിന്‍റെ ഭാഗമായാണു പദ്ധതി.

ആന്ധ്രാപ്രദേശിലെ പ്രകാശം ബാരേജില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത ആംഫീബിയസ് എയര്‍ക്രാഫ്റ്റാണ് കൊച്ചിയിലെത്തിയത്. ഒമ്പതുപേരെ വഹിക്കാവുന്ന മാലദ്വീപിലുപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, സിയാല്‍, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സര്‍വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് സീപ്ലെയിനിന്‍റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാപരിശോധന പൂര്‍ത്തിയായി. രണ്ടു മീറ്റര്‍ ആഴം മാത്രമാണു സീപ്ലെയിൻ ലാന്‍ഡ് ചെയ്യുന്നതിനാവശ്യം. 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്‍റെ ആഴം. സീപ്ലെയിനിന്‍റെ നിയന്ത്രണം വിദേശ ക്രൂവിനാ‌ണ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചിട്ടുണ്ട്.

article-image

aa

You might also like

Most Viewed