എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് ചോദ്യപേപ്പർ; അധ്യാപകനെ പുറത്താക്കി


കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ കണ്ണൂർ സർവകലാശാല പുറത്താക്കി . മഞ്ചേശ്വരം കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസി. പ്രഫസർ ഷെറിൻ സി. എബ്രഹാമിനെയാണ് പുറത്താക്കിയത്. അധ്യാപകനെ നീക്കിയ നടപടി ചോദ്യം ചെയ്ത് കണ്ണൂർ സർവകലാശാല സെനറ്റേഴ്സ് ഫോറം രംഗത്തെത്തി. ത്രിവൽസര എൽ.എൽ.ബി മൂന്നാം സെമസ്റ്റർ ‘ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ്’ പേപ്പർ ഇന്റേണൽ പരീക്ഷയിലാണ് വിവാദ ചോദ്യം. പാർട്ട് ബി യിൽ ഏഴ് മാർക്കിന്റെ ചോദ്യത്തിലാണ് കേരളത്തെ പിടിച്ചുകുലുക്കിയ എ.ഡി.എമ്മിന്റെ മരണം ഉൾപ്പെടുത്തിയത്. ‘രാഷ്ട്രീയ പാർട്ടി നേതാവായ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ കൈക്കൂലി ആരോപിച്ചതിനെ തുടർന്ന് എ.ഡി.എം തൂങ്ങി മരിച്ചു. പരസ്യമായ കൈക്കൂലി ആരോപണമാണ് മരണത്തിലേക്ക് നയിച്ചത്. കൈക്കൂലിക്കുള്ള തെളിവൊന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഇതുവരെ ഹാജരാക്കിയില്ല. അവർക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തു. അവർ കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ജാമ്യ ഹരജിയിൽ വാദംകേൾക്കുന്നതിന് കേരള കോടതി ഒക്ടോബർ 24ലേക്ക് കേസ് മാറ്റിവെച്ചു’- ഇതിലെ മനുഷ്യാവകാശ പ്രശ്നങ്ങളും വിഷയങ്ങളും സംബന്ധിച്ച് കുറിപ്പ് തയാറാക്കാനാണ് നിർദേശം.

കേസിലെ നാൾവഴികളെല്ലാം കൃത്യമായി ഉൾപ്പെടുത്തിയതും അതിലെ മാനുഷിക പ്രശ്നം ചൂണ്ടിക്കാണിക്കാനും നിയമവിദ്യാർഥികളോട് ആവശ്യപ്പെട്ടതുമാണ് വിവാദമായത്. എ.ഡി.എമ്മിന്റെയും ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെയും പേരുകൾ ചോദ്യപേപ്പറിൽ സൂചിപ്പിച്ചിട്ടില്ല. എസ്.എഫ്.ഐ പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയത്. കാമ്പസ് ഡയറക്ടർ അധ്യാപകനിൽനിന്ന് വിശദീകരണം തേടുകയും ചെയ്തു. സമകാലിക പ്രസക്തിയുള്ള ഒരു വിഷയം കുട്ടികൾക്കു മറ്റൊരു ചോദ്യത്തിനൊപ്പം നൽകി എന്നതല്ലാതെ ഒരുവിധ രാഷ്ട്രീയവും ഉദ്ദേശിച്ചിട്ടില്ലെന്ന് അധ്യാപകൻ വിശദീകരണവും നൽകി. തൃപ്തികരമല്ലെന്നു കണ്ടാണ് താൽക്കാലിക അധ്യാപകനെ പിരിച്ചുവിട്ടത്. എ.ഡി.എമ്മിന്റെ മരണം സർവകലാശാല ഭരിക്കുന്ന ഇടതുപക്ഷത്തെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് അധ്യാപകനെ പുറത്താക്കിയതിനു പിന്നിലെന്നും ഇത് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർക്കു പരാതി നൽകുമെന്നും സെനറ്റേഴ്സ് ഫോറം കൺവീനർ ഡോ. ഷിനോ പി. ജോസ് പറഞ്ഞു.

article-image

j

You might also like

Most Viewed