കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസ്; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്. മൂന്ന് പ്രതികളും തമിഴ്‌നാട് സ്വദേശികളാണ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജഡ്ജ് വി ഗോപകുമാറിന്റേതാണ് വിധി.
കേരളത്തില്‍ അപൂര്‍വമായ സ്‌ഫോടനവും ഗൂഢാലോചനയുമാണിതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന വാദം കോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് പ്രതികളെ തിരുവനന്തപുരത്തെ പ്രത്യേക ജയിലില്‍ നിന്നും കോടതിയിലെത്തിച്ചത്. കേസില്‍ പ്രതികളുടെ ഭാഗത്തു നിന്നുള്ള വിശദീകരണം കോടതി തേടിയിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പശ്ചാത്താപമുണ്ടെന്നും ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു.
2016 ജൂണ്‍ 15നാണ് കൊല്ലം കളക്ടറേറ്റ് വളപ്പില്‍ ഉപയോഗശൂന്യമായി കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനടിയില്‍ അധികം പ്രഹരശേഷിയില്ലാത്ത ബോംബ് സ്ഥാപിച്ചാണ് സ്‌ഫോടനം നടത്തിയത്. മധുര സ്വദേശികളും ഭീകരവാദ സംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരുമായിരുന്നു സ്‌ഫോടനം നടത്തിയത്. ബോംബ് സ്‌ഫോടനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് നാലുപേരുമായി ചേര്‍ന്ന് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു അന്വഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്‌ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്. ഇയാള്‍ ഒറ്റയ്ക്കാണ് കോടതി വളപ്പിലെ ജീപ്പില്‍ ബോംബ് വച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. സംഭവം അന്വേഷിച്ച കേരള പൊലീസിന് പ്രതികളെ കണ്ടെത്താനായിരുന്നില്ല. വെല്ലൂര്‍ സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ എന്‍.ഐ.എ സംഘമാണ് പ്രതികളെ പിടികൂടിയത്.
vcvcvcx