കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനം: 3 പ്രതികൾ കുറ്റക്കാർ
കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി. നാലാം പ്രതിയെ കോടതി വെറുതെ വിട്ടു. തമിഴ്നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരുമായ അബ്ബാസ് അലി (31), ഷംസൂൺ കരിം രാജ് (33), ദാവൂദ് സുലൈമാൻ (27) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാലാം പ്രതിയായ ഷംസുദീനെയാണ് (28) കോടതി വെറുതെ വിട്ടത്.
കേസിൽ അന്തിമ വാദം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ മുമ്പാകെ ഓക്ടോബർ 18 - ന് പൂർത്തിയായിരുന്നു. പ്രതികൾ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.
2016 ജൂൺ 15-ന് രാവിലെ 10.50-ന് ആയിരുന്നു സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഫോടനം നടന്നത്. മുൻസിഫ് കോടതിക്ക് സമീപം ഉപയോഗശൂന്യമായതിനാൽ നിർത്തിയിട്ടിരുന്ന തൊഴിൽ വകുപ്പിന്‍റെ ജീപ്പിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ജീപ്പ് ഭാഗികമായി തകർന്നു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ എത്തിയ പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബുവിനാണ് പരിക്കേറ്റത്. സിറ്റി പോലീസ് കമ്മീഷണർ ഡോ. സതീഷ് ബിനോയുടെ നേതൃത്വത്തിൽ എട്ട് സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. നൂറുകണക്കിന് ആൾക്കാരെ ചോദ്യം ചെയ്യുകയും ആയിരക്കണക്കിന് ഫോൺ കോളുകൾ അടക്കം പരിശോധിച്ചെങ്കിലും പോലീസിന് തുമ്പൊന്നും ലഭിച്ചില്ല. തീവ്രവാദ സ്വഭാവം സംശയിക്കുന്ന കേരളത്തിലെ ചില സംഘടനാ നേതാക്കൾ അടക്കമുള്ളവരേയും ചോദ്യം ചെയ്യുകയുണ്ടായി.
ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് പ്രതികൾ കളക്ടറേറ്റിൽ ബോംബ് വച്ചത്. രണ്ടാം പ്രതി ഷംസൂൺ കരിം രാജ 2016 മേയ് 25-ന് കളക്ടറേറ്റിൽ എത്തി പരിസരത്തെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇയാൾ തന്നെയാണ് വാഹനത്തിൽ ബോംബ് വച്ചതും. മധുരയിൽ നിന്ന് ബസിൽ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയശേഷം അവിടുന്ന് ഓട്ടോയിൽ എത്തിയാണ് വാഹനത്തിൽ ബോംബ് വച്ചത്. ടൈമർ ഉപയോഗിച്ചുള്ള ഇംപ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണമാണ് (ഐഇഡി) ജീപ്പിൽ ഘടിപ്പിച്ചത്. അലൂമിനിയം സ്നാക്സ് ബോക്സിൽ സൂക്ഷിച്ച ഈ ഉപകരണം ജീപ്പിന്‍റെ ഇടതു വശത്തെ പിൻചക്രത്തിന് സമീപമാണ് വച്ചത്. നിശ്ചിത സമയത്ത് പൊട്ടിത്തെറിക്കാൻ സ്ഫോടക വസ്തു ബാറ്ററിയുമായി ഘടിപ്പിച്ചിരുന്നു. സാങ്കേതിക മികവോടെയാണ് ഇത് സ്ഥാപിച്ചതെങ്കിലും തീവ്രത കുറവായിരുന്നുവെന്ന് പിന്നീട് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.17 ബാറ്ററികൾ, 14 ഫ്യൂസുകൾ, സ്നാക്സ് ബോക്സിന്‍റെ തകർന്ന കഷണങ്ങൾ തുടങ്ങിയവ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ചൈനീസ് കളിപ്പാട്ട നിർമാണത്തിന് ഉപയോഗിക്കുന്നതിന് സമാനമായ ബാറ്ററികളാണ് കണ്ടെടുത്തത്. അറസ്റ്റ് നടത്തിയത് എൻഐഎ ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) പ്രതികളെ അസ്റ്റ് ചെയ്തത്. മൈസൂരു കോടതി വളപ്പിൽ നടന്ന ബോംബ് സ്ഫോടനത്തിന്‍റെ അന്വേഷണത്തിനിടയിലാണ് കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചത്.
dfsaadfsadfsdfsa