സുരക്ഷ ഉറപ്പാക്കിയില്ല; ഷൊർണൂർ അപകടത്തിൽ കരാറുകാരനെതിരേ ക്രിമിനൽ കേസ്


പാലക്കാട്:

ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. കരാറുകാരൻ റെയിൽവേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികൾ സ്റ്റേഷനിലേക്ക് പോകാൻ റെയിൽവേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തിൽ വേഗ നിയന്ത്രണമില്ലെന്നും റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു.

അതേസമയം സംഭവത്തിൽ കാണാതായ ഒരാള്‍ക്കായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണുവെന്ന് സംശയിക്കപ്പെടുന്ന സേലം സ്വദേശിയായ ലക്ഷ്മണൻ (48) നെ കണ്ടെത്തുന്നതിനായാണ് ഇന്നും തെരച്ചിൽ തുടരുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ റെയിൽവേ മേൽപ്പാലത്തിൽ ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരാണ് മരിച്ചത്. ഇവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് കണ്ടെത്താനുള്ളത്. മരിച്ച റാണിയും വള്ളിയും സഹോദരിമാരാണ്.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed