സാദിഖലി തങ്ങൾക്കെതിരെ മോശം പരാമർശം: ഉമർ ഫൈസി മുക്കത്തിന് രൂക്ഷ വിമർശനവുമായി കെ.എം. ഷാജി


മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന വിവാദത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന് രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി രംഗത്ത്. സാദിഖലി തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും സി.പി.എമ്മാണ് നല്ലതാണെന്ന് തോന്നുന്നവർക്ക് അങ്ങോട്ട് പോകാമെന്നും എന്നാൽ സമുദായത്തെ അവിടേക്ക് കൊണ്ട് പോകാമെന്ന് ആരും കരുതേണ്ടെന്നും ഷാജി ആഞ്ഞടിച്ചു. മലപ്പുറം വളാഞ്ചേരിയിൽ മുസ്ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കവേയാണ് ഷാജിയുടെ വിമർശനം.

'സി.പി.എമ്മിൽ ആർ.എസ്.എസ് സ്ലീപ്പിങ് സെൽ എന്ന പോലെ സമുദായത്തിൽ സി.പി.എമ്മിന്‍റെ സ്ലീപ്പിങ് സെൽ പ്രവർത്തിക്കുന്നുണ്ട്. അവരെ തിരിച്ചറിഞ്ഞ് വലിച്ച് താഴെയിടുക തന്നെ ചെയ്യും. അത് ഞങ്ങളുടെ ബാധ്യതയാണ്. ജിഫ്രി തങ്ങളെ ആക്ഷേപിച്ച ലീഗുകാരനെതിരെ പാണക്കാട് തങ്ങൾ ഉടൻ നടപടിയെടുത്തിരുന്നു. ആ മര്യാദ തിരിച്ചും വേണം. അധികകാലം ആക്ഷേപങ്ങൾ കേട്ടുകൊണ്ടിരിക്കാൻ ആകില്ല. സി.പി.എമ്മും മാർക്സിസവുമാണ് നല്ലതെങ്കിൽ അങ്ങോട്ട് പൊയ്ക്കോ. ഏതു കൊമ്പത്തെ ആളായാലും പോകാം. പക്ഷേ സമുദായത്തെ അങ്ങോട്ട് കൊണ്ട് ചെന്ന് കെട്ടാമെന്ന് ഒരുത്തനും കരുതേണ്ട' -കെ.എം. ഷാജി പറഞ്ഞു.

പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ചുകൊണ്ട് ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗമാണ് പുതിയ വിവാദങ്ങളിലേക്ക് സമസ്തയെയും ലീഗിനെയും കൊണ്ടെത്തിച്ചിരിക്കുന്നത്. സാദിഖലി തങ്ങൾക്ക് ഖാദിയാവാൻ യോഗ്യതയില്ലെന്നായിരുന്നു എടവണ്ണപ്പാറയിൽ നടന്ന പരിപാടിയിൽ ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമർശനം. 'ഇസ്‍ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദിയായത്. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നിയമങ്ങൾ കണ്ടുപിടിക്കാൻ പറ്റിയവരാവണം ഖാദിമാർ. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാദിയാക്കിക്കോളി എന്നാണ് പറയുന്നത്. അങ്ങനെ ഖാദിയാക്കിക്കൊടുക്കാൻ കുറെയാളുകൾ. നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നിൽക്കുന്നു. കുറെയാളുകൾ ചേർന്ന് ഖാദിയെ തീരുമാനിക്കുകയാണ്' -ഉമർ ഫൈസി പ്രസംഗത്തിൽ പറഞ്ഞു.

പ്രസംഗം വിവാദമായതോടെ ഉമർ ഫൈസിയുടെ പ്രസ്താവനയെ തള്ളി സമസ്ത രംഗത്തെത്തി. ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കുകയായിരുന്നു. മുസ്ലിം ലീഗ് നേതാക്കളും ഉമർ ഫൈസിക്കെതിരെ രൂക്ഷവിമർശനമുയർത്തി. എന്നാൽ, ഇതിന് പിന്നാലെ ഉമർ ഫൈസിയെ പിന്തുണച്ചുകൊണ്ട് സമസ്തയിലെ ഒരുവിഭാഗം നേതാക്കളുടെ പ്രസ്താവനയും പുറത്തുവന്നു. മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തിൽ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്നാണ് ഒമ്പത് മുശാവറ അംഗങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്. പ്രവാചക കുടുംബത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വർധിച്ചു വരുന്നതായും പ്രസ്താവനയിൽ പറഞ്ഞിരുന്നു.

article-image

ewsfgsf

You might also like

Most Viewed