സ്ഥാനാർത്ഥിമോഹിയായി മാധ്യമങ്ങൾ തന്നെ ചിത്രീകരിക്കരുത്; ശോഭാ സുരേന്ദ്രൻ
സ്ഥാനാർത്ഥിത്വത്തിന് വേണ്ടി കേരളം മുഴുവൻ ഓടിനടക്കുന്ന വ്യക്തിയല്ല താനെന്നും ഒരു സ്ഥാനാർത്ഥിമോഹിയായി മാധ്യമങ്ങൾ തന്നെ ചിത്രീകരിക്കരുതെന്നും ശോഭാ സുരേന്ദ്രൻ. ഫ്‌ളക്‌സ് കത്തിച്ച് ഇല്ലാതാക്കി കളയാനുള്ള ആളല്ല താനെന്നും അവർ വ്യക്തമാക്കി.എംഎൽഎ അല്ലെങ്കിൽ എംപി ആവുക എന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതി നടക്കുന്നയാളല്ല. പത്ത് പേരില്ലാത്ത കാലം മുതൽ പ്രവർത്തിച്ച് തുടങ്ങിയതാണ്. കേരളത്തിൽ എൻഡിഎയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഇതുപോലെ പ്രവർത്തിക്കാനുള്ള ആരോഗ്യം നിലനിർത്തണേയെന്ന പ്രാർത്ഥന മാത്രമാണുള്ളതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോലും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനോടും അഖിലേന്ത്യാ നേതൃത്വത്തോടും താൻ പറഞ്ഞത്, ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ല എന്നായിരുന്നു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് 28-ാം ദിവസം സ്ഥാനാർത്ഥിയായി ആലപ്പുഴയിലേക്ക് പോകേണ്ടി വന്നു. അങ്ങനെയൊരു വ്യക്തിയെ മാധ്യമങ്ങൾ സ്ഥാനാർത്ഥിമോഹിയായി ചിത്രീകരിക്കുന്നത് ദുഃഖകരമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ADADFSADSASD