പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി മാറും, ഈ ജനതയുടെ ആർജവം എന്നെ സ്പര്‍ശിച്ചു: പ്രിയങ്കാ ഗാന്ധി
വിജയിച്ചാല്‍ പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി നിലകൊള്ളുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. വയനാടിനെ പ്രതിനിധീകരിച്ച് ഇവിടുത്തെ ജനങ്ങള്‍ തന്നെ പാര്‍ലമെന്റിലേക്ക് വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ സ്‌നേഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ കടപ്പെട്ടിരിക്കുന്നു. വയനാട്ടില്‍ മുഴുവന്‍ സഞ്ചരിച്ച് ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കും. ജനങ്ങളോട് കാര്യങ്ങള്‍ ചോദിച്ചറിയും. ശേഷം ഏറ്റവും മികച്ച രീതിയില്‍ അവരുടെ കാഴ്ച്ചപ്പാടിനനുസരിച്ച് പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മണ്ഡലത്തില്‍ എത്തിയതാണ് പ്രിയങ്കാ ഗാന്ധി.
'വന്യജീവി ആക്രമണം, ശുദ്ധജല പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഇവിടുത്തെ ജനത നേരിട്ടുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇവിടുത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ട പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കും. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ ഇവിടുത്തെ ജനത ധൈര്യപൂര്‍വ്വം നേരിട്ടത് നമ്മള്‍ കണ്ടു, അത് എന്നെ അത്ഭുതപ്പെടുത്തി. വീട്ടമ്മയാവട്ടെ, ടീച്ചറാവട്ടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാവട്ടെ ഏത് തൊഴില്‍മേഖലയില്‍ തൊഴിലെടുക്കുന്നവരുമാകട്ടെ ഒരുമിച്ച് നിന്ന് അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി, പരസ്പരം സഹായമായി പ്രവര്‍ത്തിച്ചു. വയനാടിന്റെ ആ സ്പിറ്റ് എന്നെ വല്ലാതെ സ്പര്‍ശിച്ചു', പ്രിയങ്ക പ്രതികരിച്ചു.
വയനാട്ടിലെ സ്ത്രീകളെ കേള്‍ക്കും. അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കും, പരിഹരിക്കും. വളരെ ആഴത്തില്‍ തന്നെ അത് തനിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും പ്രിയങ്ക ഉറപ്പ് നല്‍കി.
DADSWADS