സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു


തൃശൂർ: സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ(69) വടക്കേടത്ത് അന്തരിച്ചു. കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റും, കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമാണ്. ഏറെനാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രഭാഷകൻ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ട വടക്കേടത്ത് ഒട്ടേറെ നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് ചെയർമാൻ, നിർവാഹകസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

തൃപ്രയാറിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേട ത്തിന്റെയും സരസ്വതിയുടെയും മകനായി 1955ലാണു ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്.എൻ കോളജ്, തൃശൂർ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വാക്കിന്റെ സൗന്ദര്യശാസ്ത്രം, നിഷേധത്തിന്റെ കല, മരണവും സൗന്ദര്യവും, ഉത്തരസംവേദനം, വായനയുടെ ഉപനിഷത്ത്, പുതിയ ഇടതുപക്ഷം, പുരോഗമനപാഠങ്ങൾ, രമണൻ എങ്ങനെ വായിക്കരുത്, ആനന്ദമീമാംസ, നോവൽ സന്ദർശനങ്ങൾ, ജന്മശ്രാദ്ധം, ഒരു ചോദ്യം രണ്ടുത്തരം, വിമർശകന്റെ കാഴ്ചകൾ, കുട്ടിവായന, ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും ഇടയിൽ, സച്ചിൻ അടിച്ച പന്ത്, ആശയം സമൂഹം ഇടതുപക്ഷം, അർഥങ്ങളുടെ കലഹം, ചെറുത്തുനിൽപ്പിന്റെ ദേശങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. എ.ആർ രാജരാജവർമ പുരസ്‌കാരം, കുറ്റിപ്പുഴ അവാർഡ്, ഫാ. വടക്കൻ അവാർഡ്, കാവ്യമണ്ഡലം അവാർഡ്, ഗുരുദർശന അവാർഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി മേനോൻ അവാർഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചു. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ. മരുമകൾ: ഐശ്വര്യ. സംസ്‌കാരം നാളെ രാവിലെ തൃപ്രയാർ എസ്.എൻ ട്രസ്റ്റ് സ്‌കൂളിനു സമീപം തറവാട്ടുവളപ്പിൽ.

article-image

sdvdxzv

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed