ഗവര്‍ണര്‍ പദവിയില്‍ അഴിച്ചുപണി ; ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും
ഗവര്‍ണര്‍ പദവിയില്‍ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേരളം, ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍മാര്‍ പദവിയില്‍ തുടര്‍ച്ചയായി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനയെന്നാണ് വിവരം. കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റെടുത്ത് അഞ്ച് വര്‍ഷം പിന്നിട്ടു. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്നാണ് സൂചന. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്ദ്ര കുമാര്‍ ജോഷിക്ക് കേരളത്തിന്റേയോ ജമ്മു കശ്മീരിന്റേയോ ചുമതല നല്‍കിയേക്കും.
ജമ്മു കശ്മീരില്‍ നാല് വര്‍ഷത്തിലേറെയായി ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയ്ക്കായിരുന്നു ഭരണചുമതല. ജമ്മു കശ്മീരില്‍ രാം മാധവ് പുതിയ ഗവര്‍ണറായി ചുമതലയേറ്റെടുത്തേക്കുമെന്നാണ് സൂചനകള്‍. ആനന്ദിബെന്‍ പട്ടേല്‍ അഞ്ച് വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആയി പ്രവര്‍ത്തിക്കുകയാണ്. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി എന്നിവര്‍ മൂന്ന് വര്‍ഷം വീതം ഒരേ പദവിയിലാണുള്ളത്. ഇതിലും മാറ്റമുണ്ടായേക്കാനാണ് സാധ്യത.
segf