ന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത ഒരാഴ്ച വ്യാപകമായി മഴയ്ക്കു സാധ്യത. ഇന്ന് ഏഴു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലകളിലും മുന്നറിയിപ്പില്ല. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും വടക്കൻ തീരദേശ തമിഴ്നാടിനും മുകളിലായി സ്ഥിതിചെയ്യുന്ന ശക്തികൂടിയ ന്യൂനമർദം പടിഞ്ഞാറ്, വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തുടർന്നുള്ള ആറുമണിക്കൂറിൽ ന്യൂനമർദമായി ശക്തികുറയാൻ സാധ്യതയുണ്ട്. കൂടാതെ, ലക്ഷദ്വീപിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് ചൊവ്വാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യത.
അടുത്ത മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും. വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
sdfvxadsasd