സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പൊലീസിന് കര്‍ശന നിര്‍ദേശം നൽകി ഒമര്‍ അബ്ദുള്ള
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്ക് പിന്നാലെ പൊലീസിന് കർശന നിർദ്ദേശങ്ങളുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വിഐപി സഞ്ചാരത്തിൽ പൊതുജനത്തിന് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങൾ പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. പൊതുമധ്യത്തിലൂടെ താൻ കടക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് നേരെ വടി വീശുന്നതും അവർക്ക് നേരെ ആക്രമാസക്തമായ ആംഗ്യങ്ങൾ കാണിക്കുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. താൻ കടന്ന് പോകുമ്പോൾ പ്രത്യേകമായി റോഡിലെ വാഹനങ്ങള്‍ നീക്കുകയോ തനിക്ക് വേണ്ടി പ്രത്യേക റൂട്ട് സജ്ജമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതായും അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
'റോഡിലൂടെ ഞാൻ കടന്നുപോകുമ്പോൾ മറ്റ് വാഹനങ്ങളുടെ യാത്ര തടസപ്പെടുത്തുകയോ ഗ്രീൻ കോറിഡോറുകൾ സജ്ജീകരിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ജമ്മു കശ്മീർ പൊലീസിന്റെ ഡിജിയോട് വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനത്തിന് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങൾ പരമാവധി കുറയ്ക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ കടന്നുപോകുന്ന വഴിയിൽ ജനത്തിന് നേരെ വടി വീശുന്നതും ആക്രമാസക്തമായ ആംഗ്യങ്ങൾ കാണിക്കുന്നതും ഒഴിവാക്കണം. മന്ത്രിസഭയിലെ മറ്റുള്ളവരോടും ഇതേ രീതി പിന്തുടരണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. എല്ലാ പ്രവർത്തനങ്ങളും ജനസൗഹൃദമായിരിക്കണം. നമ്മൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ജനങ്ങളെ സേവിക്കാനാണ് അവർക്ക് അസൗകര്യമുണ്ടാക്കാനല്ല', അദ്ദേഹം കൂട്ടിച്ചേർത്തു.
csdzsads