സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം വേണം, പരാതി നൽകി അർജുന്റെ കുടുംബം
സൈബർ ആക്രമണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അർജുന്റെ കുടുംബം. പരാതി നൽകി. സഹിക്കാൻ ആവാത്ത വിധത്തിലുള്ള സൈബർ ആക്രമണങ്ങളാണ് കുടുംബത്തിന് നേരെ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജ് എസിപിക്ക് അർജുന്റെ സഹോദരി അഞ്ജു പരാതി കൈമാറി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാണ് കേസ് വിശദമായി അന്വേഷിക്കുക.
മനാഫിനെതിരെ കുടുംബം പരാതിയുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു മനാഫെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ കുറ്റപ്പെടുത്തി. സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത്. കുടുംബത്തിനായി പല കോണുകളില്‍ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ആ പണം ആവശ്യമില്ല. അര്‍ജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞു പരത്തുന്നു. ഇതില്‍ നിന്ന് മനാഫ് പിന്മാറണം. എല്ലാം കഴിഞ്ഞിട്ടും യൂട്യൂബില്‍ ഓരോ ദിവസവും മൂന്നും നാലും വീഡിയോസ് കൊടുക്കുകയാണ്. ആ വീഡിയോകളെല്ലാം തങ്ങളെ ബാധിക്കുന്നതാണെന്നും കുടുംബം ആരോപണം ഉയർത്തി.
അതേസമയം, അർജുന്റെ കുടുംബത്തിന്റെ ആരോപണം മനാഫ് തള്ളിക്കളയുകയാണ് ഉണ്ടായത്. അര്‍ജുന്റെ പേരില്‍ താന്‍ ഒരു തരത്തിലുമുള്ള പി ആര്‍ വര്‍ക്കോ പണപ്പിരിവോ നടത്തിയിട്ടില്ലെന്ന് മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. വൈകാരികമായി പ്രതികരിച്ചതിന് മനാഫ് അര്‍ജുന്റെ കുടുംബത്തോട് മാപ്പുചോദിച്ചു. കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും പരസ്പരം ചെളിവാരിയെറിഞ്ഞ് ഷിരൂരിലെ ചരിത്ര ദൗത്യത്തിന്റെ മഹത്വം ഇല്ലാതാക്കരുതെന്നും മനാഫ് അഭ്യര്‍ത്ഥിച്ചു.
qw3ewerere