എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം മെഡിക്കൽ പഠനത്തിനു വിട്ടുനൽകാതെ മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൃതദേഹം ഏറ്റെടുക്കാനുള്ള കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തീരുമാനം ചോദ്യം ചെയ്ത് ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ലോറന്‍സിന്‍റെ മൂന്ന് മക്കളില്‍ ഒരാളാണ് ആശ. മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാൻ എറണാകുളം മെഡിക്കൽ കോളേജ് പ്രിന്‍സിപ്പൽ തീരുമാനമെടുത്ത ഹിയറിംഗിൽ വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാൻ കോടതി നിർദേശം നൽകി. വീണ്ടും ഹിയറിംഗ് നടത്താൻ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ മേധാവിയെ ചുമതലപ്പെടുത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റീസ് വി.ജി.അരുൺ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളജിന്‍റെ തീരുമാനം ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നാണ് ആശയുടെ ഹര്‍ജിയിലെ ആക്ഷേപം. തീരുമാനം റദ്ദാക്കണമെന്നും മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, മകനായ എം.എല്‍. സജീവന്‍റെയും രണ്ട് ബന്ധുക്കളുടെയും സത്യവാംഗ്മൂലം പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനും എംബാം ചെയ്ത് സൂക്ഷിക്കാനുമുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമായിരുന്നു തീരുമാനം.
രിരിരി