താൻ തീരുമാനിച്ചാൽ എൽഡിഎഫിന്റെ 25 പഞ്ചായത്തുകളുടെ ഭരണം പോകും: പി.വി.അൻവർ
മലപ്പുറം: സിപിഎം വെല്ലുവിളിക്കുകയാണെങ്കിൽ അത് ഏറ്റെടുക്കാൻ തയാറാണെന്ന് പി.വി.അൻവർ എംഎൽഎ. കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന പൊതുയോഗം വിപ്ലവമായി മാറുമെന്നും അൻവർ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച സര്‍വേ പുരോഗമിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ജനപിന്തുണയുണ്ടെങ്കിൽ മാത്രം പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കും. യോഗത്തിൽ പാർട്ടി പ്രവർത്തകരോടും സിപിഎം ജനപ്രതിനിധികളോടും പങ്കെടുക്കണമെന്ന് ആവശ്യപെട്ടിട്ടില്ല. താൻ തീരുമാനിച്ചാൽ എൽഡിഎഫിന്റെ 25 പഞ്ചായത്തുകളുടെ ഭരണം പോകും. തനിക്കെതിരായ കേസുകള്‍ നിലനില്ക്കാന് പോകുന്നില്ല. നിയമസഭയില്‍ കസേര ഉണ്ടാകുമെന്ന് വിചാരിക്കുന്നു, ഇല്ലെങ്കില്‍ നിലത്തിരിക്കും. താന്‍ പിന്നില്‍നിന്ന് നയിക്കാറില്ല.
എന്ത് റിസ്കും മുന്നില്‍നിന്നാണ് നയിക്കുക. അതാണ് തന്റെ രാഷ്ട്രീയം. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനും മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദിയുമാക്കി. വർഗീയവാദിയല്ല എന്ന് തെളിയിക്കേണ്ടത് അധിക ബാധ്യതയായി വന്നു. സ്വര്‍ണക്കടത്തില്‍ പി.ശശിക്ക് ഷെയറുണ്ട്. ഒരു എസ്പി മാത്രം വിചാരിച്ചാല്‍ അത് നടക്കില്ല, അത് മനസിലാക്കാന്‍ കോമണ്‍സെന്‍സ് മതി. സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ സംസാരിക്കുന്നെന്നും അൻവർ പറഞ്ഞു.
jhfhjhj