തിരച്ചിലിന് പരിസമാപ്തി; ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തി
ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പര്യവസാനം. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ ഗംഗാവാലി പുഴയിൽനിന്ന് അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് 71 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. ട്രക്കിന്‍റെ ക്യാബിനുള്ളിൽ ആണ് മൃതദേഹമുള്ളത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. എല്ലാവർക്കുമുള്ള ഉത്തരം ഇതോടെ ലഭിച്ചെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതുമുതൽ ജിതിൻ ഷിരൂരിൽ ഉണ്ട്.
വാഹനത്തിൽ മൃതദേഹം ഉണ്ടെന്ന് കാർവാർ എംഎൽഎയും സ്ഥിരീകരിച്ചു. സിപി-2 എന്ന പോയിന്‍റ് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്. ട്രക്ക് പൂർണമായി കരയ്ക്ക് എത്തിച്ചിട്ടില്ല. ട്രക്കിന്‍റെ ക്യാബിന്‍റെ ഭാഗമാണ് ലഭിച്ചിട്ടുള്ളത്. ഇന്ന് രാവിലെ നടത്തിയ ഡ്രെഡ്ജിംഗിലാണ് ലോറി കണ്ടെത്തിയത്. പിന്നീട് വെള്ളം കുറഞ്ഞ സമയം ക്രെയിൻ ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. കഴിഞ്ഞ ദിവമാണ് ഗോവയിൽനിന്ന് ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് അർജുന്‍റെ ലോറിയുടെ ഭാഗങ്ങളും തടി കഷണങ്ങളും കയറും ലഭിച്ചിരുന്നു. ഇതിനിടെ ജില്ലാ ഭരണകൂടവുമായുള്ള ഭിന്നത മൂലം പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ തെരച്ചിൽ നിർത്തി മടങ്ങിയിരുന്നു. തുടർന്ന് ഗുജറാത്തിൽനിന്നുള്ള മുങ്ങൽവിദഗ്ധരാണ് തെരച്ചിൽ തുടർന്നത്.
asdasd