തൃശൂരിന്‍റെ സ്വന്തം പുലിക്കളി നാളെ
തൃശൂരിന്‍റെ സ്വന്തം പുലിക്കളി നാളെ. പതിവുപോലെ വരയൻപുലികളും വയറൻ പുലികളും കരിന്പുലികളും നഗരവീഥികൾ കൈയടക്കുന്പോൾ ഇത്തവണ പുലിഗർജനത്തോടൊപ്പം വിയ്യൂർ ദേശം അവതരിപ്പിക്കുന്നു പുലിനഖമണിഞ്ഞ മാന്തും പുലികളെ. പുലികൾ ഇരപിടിക്കുന്പോൾ മാത്രം കൈകാലുകളിൽനിന്നു പുറത്തുവരുന്ന പുലിനഖമാണ് ഇത്തവണത്തെ വെറൈറ്റി. ഇതിനായി പുലിവേഷത്തിനുയോജിച്ച രീതിയിൽ വ്യത്യസ്ത നിറങ്ങളിലുള്ള പ്രത്യേകം കൈകാൽ ഉറകളിലാണു പുലിനഖങ്ങൾ പിടിപ്പിച്ചിരിക്കുന്നത്. വിവിധ ദേശങ്ങളിൽനിന്നെത്തുന്ന പെൺപുലികളും കുട്ടിപ്പുലികളും എൽഇഡി പുലികളും ഇക്കുറി കൗതുകക്കാഴ്ചകളാകും. പുലിനിറം, മുഖംമൂടി, മുടിക്കെട്ട്, വരകളിലുമെല്ലാം പുത്തൻകാഴ്ചകളാണു പുലിപ്രേമികളെ വിസ്മയിപ്പിക്കുക. യുവജനസംഘം വിയ്യൂർ പുലിക്കളിസംഘം കോലോത്തുപാടം വഴി ബിനി ഹെറിറ്റേജിനു സമീപത്തുകൂടെ സ്വരാജ് റൗണ്ടിലെത്തുന്പോൾ വൈകുന്നേരം നാലോടെ പുലിക്കളി ഫ്ലാഗ് ഒാഫ് മേയർ എം.കെ. വർഗീസ് നിർവഹിക്കും. പിന്നാലെ വിയ്യൂർ ദേശം പുലികളും ഇതേവഴിയിലൂടെ പ്രവേശിക്കും. പാട്ടുരായ്ക്കൽ സംഘം ഷൊർണൂർ റോഡുവഴി നായ്ക്കനാലിലൂടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. സീതാറാം മിൽ ലെയ്ൻ സംഘം പൂങ്കുന്നംവഴി ശങ്കരയ്യ ജംഗ്ഷനിലെത്തി എംജി റോഡിലൂടെ നടുവിലാലിലേക്കു കയറും. ശങ്കരംകുളംങ്ങര, കാനാട്ടുകര സംഘങ്ങൾ പടിഞ്ഞാറെ കോട്ടയിലൂടെയും ചക്കാമുക്ക് പുലികൾ കോട്ടപ്പുറം വഴിയും എംജി റോഡിലെത്തി നായ്ക്കനാലിലൂടെ റൗണ്ടിലേക്കു പ്രവേശിക്കും. ഒരോ പുലിസംഘത്തിനൊപ്പവും 35 മുതൽ 51 വീതം പുലികളും ഒരു ടാബ്ലോയും ഒരു പുലിവണ്ടിയും ഉണ്ടാകും.
cdsvsvdsswds