നിപ; മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി


നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. രോഗത്തിനെതിരെ അതീവ ജാഗ്രതയിലാണ് മലപ്പുറം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍ 10 മണി മുതല്‍ 7 മണി വരെ പ്രവര്‍ത്തിക്കാവൂ. സിനിമ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കരുത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്‌കൂള്‍, കോളേജുകള്‍ മദ്രസ, അംഗനവാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി സമയത്ത് മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രങ്ങള്‍ ഉണ്ടാവും.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

You might also like

Most Viewed