പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതി ; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കേസെടുത്തില്ല, വീണ്ടും പരാതി നല്‍കി അതിജീവിത
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ മലപ്പുറം സ്വദേശിനി സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. അഭിഭാഷകര്‍ക്കൊപ്പം പൊന്നാനി പൊലീസ് സ്റ്റേഷനിലാണ് വീട്ടമ്മ എത്തിയത്. ഇന്നലെ ഇ മെയില്‍ വഴി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. 24 മണിക്കൂര്‍ പിന്നിട്ടിട്ടും പരാതിയിന്മേല്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇന്നും പരാതിയിന്മേല്‍ നടപടിയെടുത്തില്ല. റസീപ്റ്റ് വാങ്ങി മടങ്ങാനായിരുന്നു പൊലീസില്‍ നിന്നുള്ള മറുപടി.
'സ്റ്റേഷനിലെത്തി ഒരു മണിക്കൂറോളം ഞങ്ങളെ അവിടെയിരുത്തി. ഒരു നടപടിയും എടുത്തില്ല. പരാതിയില്‍ എഫ്‌ഐആര്‍ ഇടാന്‍ തയ്യാറായില്ല. റസീപ്റ്റ് വാങ്ങി പൊക്കോളൂവെന്നാണ് പറഞ്ഞത്. എന്റെ കേസ് അറ്റന്റ് ചെയ്യാന്‍ അവര്‍ തയ്യാറായിരുന്നില്ല. ദേഷ്യം പിടിച്ച പോലെയായിരുന്നു. നല്ല രീതിയില്‍ പെരുമാറിയില്ല', അതിജീവിത പറഞ്ഞു.പൊന്നാനി പൊലീസ് എഫ്‌ഐആര്‍ ഇട്ടാലും ഇല്ലെങ്കിലും നാളെ മജിസ്‌ട്രേറ്റ് കോടതിക്ക് പരാതി കൈമാറുമെന്നും കേസ് കോടതി കേട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ ഇടണമെന്നതാണ് നിയമമെന്നും പരാതിക്കാരിക്കൊപ്പമെത്തിയ അഭിഭാഷകന്‍ പറഞ്ഞു.
HJJHKLJKLHJKL