എഡിജിപിയെ മാറ്റി നിര്‍ത്തണോയെന്ന് പാര്‍ട്ടി പറയട്ടെ ; ഒത്തുതീര്‍പ്പിന് വഴങ്ങി അന്‍വര്‍ എംഎല്‍എ


മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി പി.വി.അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആർ.അജിത് കുമാർ അടക്കമുള്ളവർക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുമായി അന്‍വര്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തിയത്. ഒരു സഖാവെന്ന നിലയിലാണ് വിഷയത്തില്‍ താന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ തന്‍റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും അന്‍വര്‍ പ്രതികരിച്ചു. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി കേട്ടു. ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. പോലീസിലെ പുഴുക്കുത്തുകള്‍ തുറന്ന് കാട്ടുകയാണ് താന്‍ ചെയ്തത്.

താന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും കൈമാറും. എം.ആര്‍.അജിത് കുമാറിനെ മാറ്റി നിര്‍ത്തണോ എന്ന് പറയേണ്ടത് താനല്ല. അത് പാര്‍ട്ടി തീരുമാനിക്കട്ടെ. അന്വേഷണം ഇനി എങ്ങനെ പോകണമെന്ന കാര്യം പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എഡിജിപി എം.ആര്‍.അജിത് കുമാറിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. ഇത് സംബന്ധിച്ച രേഖകള്‍ അടക്കം കൈമാറാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എംഎല്‍എ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിയും എംഎല്‍എയുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. എന്നാൽ രേഖകളൊന്നും മുഖ്യമന്ത്രിക്ക് കൈമാറിയിട്ടില്ലെന്നാണ് സൂചന. അൻവറിന്‍റെ പരസ്യപ്രതികരണം അടക്കം മുഖ്യമന്ത്രി വിലക്കിയെന്നാണ് വിവരം.

 

article-image

GHJKGHJKHJKUKJU

You might also like

Most Viewed