പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടുത്തം ; രണ്ട് സ്ത്രീകൾ മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്
പാപ്പനംകോടുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. രണ്ട് സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു തീപിടിത്തം.
ഇരുനിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിച്ച കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചു. തീ ആളിപ്പടർന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. അതിവേഗം തീ ആളിപ്പടർന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. തീ ആളിപ്പടർന്നതിന് പിന്നാലെ ഓഫീസിൻ്റെ ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. തീ ആളിപ്പടർന്ന് ഓഫീസിലെ ഫർണിച്ചറുകളടക്കം കത്തിനശിച്ചിട്ടുണ്ട്.
അതേസമയം തീപിടുത്തത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. രാവിലെ സ്ഥാപനത്തിൽ ഒരാൾ എത്തി ബഹളം ഉണ്ടാക്കിയതായി പോലീസ് പറയുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് നേമം പോലീസ് കേസെടുത്തു. തിരുവനന്തപുരം സബ് കളക്ടറുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടക്കും. മന്ത്രി കെ രാജൻ, വി ശിവൻകുട്ടി , ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ സാഹചര്യം വിലയിരുത്തി. മന്ത്രിമാർ സംഭവസ്ഥലത്തെത്തിയിരുന്നു.
EFRSGTGFGF