ആരോപണം തെറ്റാണെങ്കിൽ മുഖ്യമന്ത്രിയുടെ പൊലീസ് അൻവറിന് എം എൽഎയ്ക്കുമേൽ കേസെടുക്കട്ടെ: പ്രതിപക്ഷ നേതാവ്
ആരോപണം തെറ്റാണെങ്കിൽ മുഖ്യമന്ത്രിയുടെ പൊലീസ് അൻവറിന് എം എൽഎയ്ക്കുമേൽ കേസെടുക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പി വി അൻവർ ഉന്നയിച്ച കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണം. പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഇതിനേക്കാൾ ഭീകരമായ കാര്യങ്ങൾ ഈ കോക്കസ് നടത്തിയിട്ടുണ്ട്. ക്രിമിനലുകളുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നും വിഡി സതീശൻ പറഞ്ഞു.
കേരളം ഭരിച്ച ഏതെങ്കിലും മുഖ്യമന്ത്രി ഇതുപോലുള്ള ആരോപണങ്ങൾ നേരിട്ടിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്ത്യയിലെ ഏത് മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉണ്ടായിട്ടുണ്ടോ?. ഇതു ചോദ്യം ചെയ്യാൻ നട്ടെല്ലുള്ള ആരെങ്കിലും സിപിഐഎമ്മിലുണ്ടോ? എല്ലാവരും ഭയന്നു കഴിയുകയാണ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
പി വി അൻവർ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും, അതിൽ ഒരു വസ്തുതയുമില്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. അതിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അടക്കം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷത്തെ ഒരു എംഎൽഎയല്ല. ഭരണകക്ഷി എംഎൽഎയാണ്. ആരോപണം ഉന്നയിച്ച അൻവറിനെതിരെ സിപിഎം നടപടിയെടുക്കുമോ? പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണം ഉന്നയിച്ചത് പ്രതിപക്ഷം ആയിരുന്നെങ്കിൽ ഇവർ തള്ളിക്കളഞ്ഞേനെ എന്നും വിഡി സതീശൻ പറഞ്ഞു.
aswdaswads