ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസ് കേസ്
കൊച്ചി: ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസ് കേസ്. ശ്രീകുമാർ മേനോനും നടൻ ബാബുരാജിനുമെതിരെയാണ് ആരോപണം ഉയർന്നിരുന്നത്. മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി) കൈമാറി. മുകേഷ് ഉൾപ്പെടെ ഏഴു പേർക്കെതിരായ അന്വേഷണം തുടരുന്നതിനിടെയാണ് എസ്.ഐ.ടിക്ക് മുന്നിൽ പുതിയ കേസെത്തുന്നത്. ജൂനിയർ ആർട്ടിസ്റ്റായ യുവതിയെ പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോൻ മരടിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ശനിയാഴ്ച രാവിലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എസ്.ഐ.ടിക്ക് കൈമാറിയെന്ന് എറണാകുളം സിറ്റി പൊലീസ് വ്യക്തമാക്കി. ഇതോടെ എട്ട് കേസുകളാണ് കൊച്ചിയിൽ എസ്.ഐ.ടിയുടെ അന്വേഷണത്തിനു കീഴിൽ വന്നത്. അതേസമയം ആരോപണ വിധേയനായ നടൻ സിദ്ദിഖ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും. നടൻ ദിലീപിനു വേണ്ടി നടിയെ ആക്രമിച്ച കേസിൽ ഹാജരായ അഭിഭാഷകരാണ് സിദ്ദിഖിനു വേണ്ടിയും കോടതിയെ സമീപിക്കുന്നത്. നേരത്തെ മുകേഷിന്‍റെയും അഡ്വ. ചന്ദ്രശേഖറിന്‍റെയും അറസ്റ്റ് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
sdfsf